എസ്ഡിപിഐ ബന്ധം : സിപിഎം നേതാവിന് നിർബന്ധിത അവധി

ആലപ്പുഴ : എസ്ഡിപിഐ നേതാവുമായി ബിസിനസ് ബന്ധമുള്ള സിപിഎം നേതാവിന് നിർബന്ധിതാവധി.
സിപിഎം ചെറിയനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനാണ് നിർബന്ധിതാവധി നൽകിയത്.
ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥന് സെക്രട്ടറിയുടെ ചുമതല നൽകി .
വിവാദ സംഭവം പാർട്ടി കമ്മീഷൻ അന്വേഷിച്ചിട്ടും നടപടി വൈകിയതിൽ പ്രതിഷേധിച്ച് നേതാക്കൾ അടക്കം 52 പാർട്ടിപ്രവർത്തകർ രാജിവച്ചിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെയാണ് സിപിഎം നടപടി എടുത്തത്.
എസ്ഡിപിഐ നേതാവുമായി ഷീദ് മുഹമ്മദിന് ബന്ധങ്ങൾ ഉണ്ടായിരുന്നതായി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.

എസ്ഡിപിഐ നേതാവിന്റെ സ്ഥാപനം ഉദ്ഘാടനത്തിന് മന്ത്രി സജി ചെറിയാൻ വന്നതും അന്ന് വിവാദമായിരുന്നു. മന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിർന്ന സിപിഎം നേതാക്കൾക്കൊപ്പം എസ്ഡിപിഐ നേതാവിന്റെയും ഫോട്ടോകൾ പ്രചരിച്ചത് വിവാദമായതോടെ ഷീദിന്റെ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മന്ത്രിയെ ചടങ്ങിന് എത്തിച്ചതെന്ന പ്രതിരോധവുമായി പാർട്ടി വൃത്തങ്ങൾ എത്തിയിരുന്നു.

ഷിബു കൂട്ടുംവാതുക്കൾ